അലിഗഡ്: ഒരു വനിതാ അധ്യാപിക ക്ലാസ് മുറിക്കുള്ളിൽ പായ വിരിച്ച് ഉറങ്ങുമ്പോൾ ക്യാമറയിൽ കുടുങ്ങി. ഉത്തർപ്രദേശിലെ അലിഗഢിലാണ് ലജ്ജിപ്പിക്കുന്ന സംഭവം.സ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽപ്പെട്ട അധ്യാപിക സ്‌കൂൾ സമയത്ത് ക്ലാസ് മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. നാണംകെട്ട സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

അലിഗഢിലെ ധനിപൂർ ബ്ലോക്കിലെ ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. ചൂടിൽ നിന്ന് ആശ്വാസം നേടാൻ അധ്യാപിക മയങ്ങുന്നതും വിദ്യാർഥികൾ വിശറി ഉപയോഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഒന്നിന് പുറകെ ഒന്നായി കുഞ്ഞുങ്ങൾ കൈയിൽ പിടിച്ച വിശറി ഉപയോഗിച്ച് ടീച്ചർക്ക് വീശിക്കൊടുക്കുന്നു . കുട്ടികളിലൊരാൾ ടീച്ചറുടെ തലയ്ക്ക് സമീപം ഇരിക്കുന്നതായി കാണാം. ഉത്തർപ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നുകാട്ടുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കൾ സമ്മർദ്ദത്തിലാണ് .

നല്ല വിദ്യാഭ്യാസം നൽകാനും പഠിക്കാനും വേണ്ടിയാണ് കുട്ടികളെ സ്‌കൂളിൽ അയക്കുന്നതെന്നും എന്നാൽ, മറ്റെന്തെങ്കിലും ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു . അതെ സമയം അധ്യാപികയുടെ പ്രവൃത്തിക്കെതിരെ ഇൻ്റർനെറ്റ് ഉപയോക്താക്കളും ആഞ്ഞടിക്കുന്നു. “അധ്യാപകർ ഇങ്ങനെയായാൽ പിന്നെ പഠിപ്പിക്കൽ എങ്ങനെയായിരിക്കും ? ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മോചനം ലഭിക്കാൻ നിഷ്കളങ്കരായ കുട്ടികളെ ലേഡി ടീച്ചർ ചൂഷണം ചെയ്യുന്നു ” എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണം .

അതെ സമയം ,സംഭവം നടന്ന സ്‌കൂൾ സർക്കാർ സ്‌കൂളാണെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി സന്ദീപ് സിംഗ് താമസിക്കുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മന്ത്രി ഉൾപ്പെടുന്ന സ്ഥലത്ത് നിന്ന് സർക്കാർ വിദ്യാഭ്യാസ സംവിധാനത്തിൻ്റെ അവസ്ഥയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സംഭവം ഉയർത്തുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും അധ്യാപികയ്‌ക്കെതിരെ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അധ്യാപികക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യത്തെ ചോദ്യം ചെയ്ത് പല രക്ഷിതാതാക്കളും രംഗത്തെത്തിയിട്ടുണ്ട് .വിഡിയോ പകർത്തിയത് ആരെന്ന് വ്യക്തമല്ലെങ്കിലും സ്കൂളിലെ അധ്യാപകർ തന്നെയാവാമെന്നാണ് പ്രാഥമിക നിഗമനം .

English Summary : In Uttar Pradesh’s Aligarh, a primary school teacher was caught sleeping inside class; kids fanned her amid scorching heat.

Share.
Leave A Reply

Exit mobile version