നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതി മുട്ടിയിരിക്കയാണ് ജനം .തൊട്ടതിനെല്ലാം പൊള്ളുന്ന വില. ഇറച്ചിക്കും വില കൂടുകയാണ് . പച്ചക്കറിയുടെ കാര്യത്തിൽ അൽപ്പം ആശ്വാസമുണ്ടെങ്കിലും കയ്യാലപ്പുറത്തെ തേങ്ങാ പോലെയാണ്. മാർക്കറ്റിൽ വളരെ കുറച്ചു മത്തി മാത്രമാണ് ലഭ്യമാകുന്നത് . 380 ന് മേൽ പോകുന്നു മത്തിയുടെ വില.മരുന്നിന് പോലും മത്തി കിട്ടാനില്ലാത്ത സാഹചര്യം.
പച്ചക്കറിയാണെങ്കിൽ മുരിങ്ങക്കക്കും തക്കാളിക്കും 100 രൂപ. പച്ചമുളകിന് 180, ഇഞ്ചിക്ക് 280. സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നതാണ് ചോദ്യം. മാർക്കറ്റിലെത്തിയാൽ മത്തിയെ തൊട്ട് തലോടി മണത്ത് നോക്കി വീട്ടിൽ പോയി ചോറുണ്ണേണ്ട ഗതികേടിലാണ് പൊതുജനം. ചമ്മന്തിയും തൈരും മത്സ്യത്തിന് പകരം കഴിയ്ക്കാമെന്നതാണ് പുതിയ ആശയം .
അതെ സമയം, ഇതര മത്സ്യങ്ങളുടെ വിലയും ഒട്ടും പിന്നിലല്ല. അയല 360, കിളിമീൻ 380 ൽ തുടങ്ങി 460 ലേക്ക് കടന്നിട്ടുണ്ട് .ആവോലിക്ക് 960 നെയ്മീനിന് ഏകദേശം 1600 ന് മുകളിലെത്തി. വിലക്കയറ്റത്തിൽ ഒരു രീതിയിലുള്ള സ്ഥിരതയും കാണാനാകില്ല എന്നതാണ് യാഥാർഥ്യം . കുതിച്ച് കയറുന്ന വില സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിലേക്കാണ് പോകുന്നത്. ജൂൺ 9 ന് തുടങ്ങി 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. മത്സ്യബന്ധനം പുനരാരംഭിക്കുന്നതോടെ വിലക്കയറ്റത്തിന് അറുതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മത്സ്യ സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയുള്ള കരുതൽ മാർഗമായി 1989 മുതലാണ് ട്രോളിങ് നിരോധനം നടപ്പിലാക്കിയത് .

