പാറ്റ്‌ന : നമ്മുടെ നാട്ടിൽ ‘കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക’ എന്നൊക്കെ കേട്ടിട്ടുണ്ട് .ഇപ്പോഴിതാ അതിലും വലിയൊരു യാഥാർഥ്യം വിശ്വസിക്കേണ്ട വാർത്തയാണ് വൈറലാകുന്നത്. ബിഹാറിലാണ് സംഭവം. കടിച്ച പാമ്പിനെ തിരികെ കടിച്ച് കൊന്നിരിക്കുകയാണ് ബിഹാറിലെ 35 കാരൻ . ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് തിരികെ കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പിന്റെ കടിയേറ്റ യുവാവ് രക്ഷപ്പെടുകയായിരുന്നു.
റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറാണ് അത്യപൂർവമായ സംഭവത്തിലൂടെ രക്ഷപെട്ടത് . ബിഹാറിലെ രജൌലി മേഖലയിൽ റെയിൽവേ പാളങ്ങൾ തയ്യാറാക്കുന്ന ജോലിക്കിടെയാണ് ജീവനക്കാരന് പാമ്പ് കടിയേറ്റത്. വനമേഖലക്ക് തൊട്ടടുത്താണ് റെയിൽവേ പാളം .
ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ മനഃസാന്നിധ്യം കൈവിടാതെ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പ്രാദേശികമായി പാമ്പിനെ തിരികെ കടിച്ചാൽ വിഷമേൽക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അതെ സമയം ഉടനെ തന്നെ സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ച് തക്ക സമയത്ത് ചികിത്സ ലഭിച്ചത് കൊണ്ടാണ് 35 കാരന് ജീവൻ തിരികെ ലഭിച്ചത് . എന്നാൽ യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തു. അതെ സമയം രാജ്യത്ത് പ്രതിവർഷം അരലക്ഷത്തിലധികം പേർ പാമ്പ് കടിയേറ്റ് മരണമടയുന്നതായാണ് കണക്കുകൾ. ഇതിൽ ഏറിയ പങ്കും ഉഗ്ര വിഷ സർപ്പങ്ങളായ അണലി, മൂർഖൻ, ശംഖുവരയൻ വിഭാഗത്തിലുള്ള പാമ്പുകളുടെ കടിയേറ്റാണ്.

