ചെറിയ വരുമാനം മുതൽ ഉയർന്ന വേതനം ലഭിക്കുന്നവർക്ക് തങ്ങളുടെ നിക്ഷേപം ഏതു വിധേനയും ഇരട്ടിപ്പിക്കുന്ന ലക്ഷ്യമാണുള്ളത് .സ്റ്റോക്ക് മാർക്കറ്റും ഇതര സംവിധാനങ്ങളും കണ്ടെത്തി പണം നിക്ഷേപിക്കാൻ നോക്കുമ്പോഴും മികച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നുള്ളത് കൊണ്ട് തന്നെയാണ്.അത് കൊണ്ട് തന്നെ മ്യൂച്വൽ ഫണ്ടിൽ പണമെറിയുന്ന മലയാളികളുടെ എണ്ണവും പ്രതിദിനം കുതിച്ചുയരുന്നുണ്ട് .
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi/ആംഫി) ജൂണിലെ കണക്കുപ്രകാരം അഞ്ചുവർഷം കൊണ്ട് ആകെയുള്ള മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു കയറിയത് . കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽ ഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 73,451.94 കോടിയെന്ന എക്കാലത്തെയും ഉയരത്തിലെത്തി. ഇതാദ്യമായാണ് ആസ്തി 70,000 കോടി രൂപ മറി കടന്നത് . 69,501 കോടി യായിരുന്നു മെയ് മാസത്തിൽ . അതെ സമയം 2023 ജൂണിൽ ഇത് 50,733 കോടിയായിരുന്നു.
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ വിലയിരുത്തുമ്പോൾ 2019 ജൂണിൽ 26,700 കോടിമാത്രമായിരുന്നു മ്യൂച്വൽ ഫണ്ടിലെ മലയാളികളുടെ നിക്ഷേപ ലാഭം .എന്നാൽ 10 വർഷം മുമ്പ് (2014ൽ) 7,927 കോടി മാത്രമായിരുന്നു. ഈ ചെറിയ സംഖ്യയാണ് ഒരു ദശാബ്ദത്തിനിടെ 70,000 കോടി രൂപ ഭേദിച്ചത്. ചിട്ടി, സ്വർണം, ഭൂമി, സ്ഥിരനിക്ഷേപം (FD), എന്നിവയിലാണ് സമ്പാദ്യം വളർത്താനായി സാധാരണ ആളുകൾ തിരഞ്ഞെടുക്കുന്ന മാർഗം. നിക്ഷേപത്തിലൂടെ കാലങ്ങളായി വരുമാനമുണ്ടാക്കുന്ന കോംപൗണ്ടിങ് പ്രക്രിയയിലൂടെയാണ് മ്യൂച്വൽ ഫണ്ടുകൾ ലാഭം കൊയ്യുന്നത് .
കേരളീയർക്ക് മ്യൂച്വൽ ഫണ്ടിലെ ഓഹരിയധിഷ്ഠിത ഫണ്ടുകളോടാണ് (Equity Oriented) കൂടുതൽ താത്പര്യമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ ആസ്തിയിൽ 55,794.28 കോടിയും ഇക്വിറ്റി സ്കീമുകളിലാണ്. മേയിൽ ഇത് 55,211 കോടിയിലെത്തിയപ്പോൾ 2023 ജൂണിൽ 35,820 കോടിയായിരുന്നു.
അതെ സമയം കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ മൊത്തം നിക്ഷേപം 2023 ജൂണിലെ 2,297 കോടിയിൽ നിന്ന് കഴിഞ്ഞമാസം 3,289.19 കോടിയിലെത്തി. കടപ്പത്രാധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ നിക്ഷേപം ഒരുവർഷം മുമ്പ് 6,200 കോടിയിലെത്തിയത് ഈ വർഷം ജൂണിൽ 6,648.05 കോടിയായി വളർന്നു. കടപ്പത്രങ്ങളിലും ഓഹരിയിലുമുള്ള ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 4,704 കോടിയിൽ നിന്ന് 6,371.2 കോടിയിലുമെത്തി.
എന്നാൽ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള താൽപര്യം കുറവായിട്ടാണ് കണക്കുകൾ . മലയാളികൾ ഏറ്റവും കുറവ് നിക്ഷേപം നടത്തിയിട്ടുള്ളത് ഗോൾഡ് ഇടിഎഫിലാണ്. ജൂണിലെ കണക്കനുസരിച്ച് 175.24 കോടിമാത്രമാണിത്.
മേയിൽ 169.78 കോടിയും കഴിഞ്ഞവർഷം ജൂണിൽ 113.06 കോടിയുമായിരുന്നു. മറ്റ് ഇടിഎഫുകളിലെ നിക്ഷേപം മേയിലെ 905.22 കോടിയിൽ നിന്ന് ജൂണിൽ 970.03 കോടിയായി വളർച്ച നേടി. 602 കോടി യായിരുന്നു 2023 ൽ. പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മലയാളികൾ സമ്പാദ്യം വളർത്താൻ മ്യൂച്വൽ ഫണ്ടുകളിലേക്ക് ചുവടുമാറുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
.
