മൈസൂരു : ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിൽ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് സീനിയർ ക്രിക്കറ്റിലേക്ക്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വൻമതിലായിരുന്നു മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന പിതാവ് രാഹുൽ ദ്രാവിഡ് . എന്നാലിപ്പോൾ ‘കുട്ടിക്ക്രിക്കറ്റി’ൽ തകർത്തടിക്കാനുള്ള തയാറെടുപ്പിലാണ് മകൻ. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള മഹാരാജ ട്വന്റി20 ട്രോഫിയിലാണ് ദ്രാവിഡിന്റെ മകൻ സമിത് കളിക്കുന്നത്. മധ്യനിര ബാറ്റ്സ്മാനും സീമറുമായ സമിത്തിൻ്റെ സേവനം 50000 രൂപയ്ക്കാണ് മൈസൂരു വാരിയേഴ്സ് സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന താരലേലത്തിലാണ് സമിത് തെരഞ്ഞെടുക്കപ്പെട്ടത് .
കെഎസ്‌സിഎയ്‌ക്കുവേണ്ടിയുള്ള വിവിധ പ്രായ-ഗ്രൂപ്പ് ടൂർണമെൻ്റുകളിൽ സമിത് മികച്ച പ്രകടനം കാഴ്‌ച വച്ചതിനാൽ അദ്ദേഹം ഞങ്ങളുടെ ഭാഗത്ത് ഉണ്ടായിരിക്കുന്നത് നല്ല കാര്യമാണ്,” വാരിയേഴ്‌സ് ടീം ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ഈ സീസണിലെ കൂച്ച് ബെഹാർ ട്രോഫി നേടിയ കർണാടക അണ്ടർ 19 ടീമിൻ്റെ ഭാഗമായിരുന്നു സമിത്, ഈ വർഷം ആദ്യം സന്ദർശിച്ച ലങ്കാഷെയർ ടീമിനെതിരെ കെഎസ്‌സിഎ ഇലവനും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ വാരിയേഴ്‌സിനെ കരുൺ നായർ നയിക്കും. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇന്ത്യൻ പേസർ പ്രശസ്ത് കൃഷ്ണയുടെ സാന്നിധ്യം ബൗളിംഗിനെ ശക്തിപ്പെടുത്തും.
അതെ സമയം, ഇത്തവണത്തെ താരലേലത്തിൽ 8.6 ലക്ഷം രൂപയ്ക്ക് കല്യാണി ബെംഗളൂരു ബ്ലാസ്റ്റേഴ്സ് വിളിച്ചെടുത്ത എൽ.ആർ. ചേതനാണ് വില കൂടിയ താരം. കഴിഞ്ഞ സീസണിൽ ഗുൽബർഗ മിസ്റ്റിക്സിനായി കളിച്ച ഇരുപത്തിനാലുകാരനായ ചേതന്, 6.2 ലക്ഷം രൂപയാണ് ലഭിച്ചത്. ഐപിഎല്ലിലൂടെ പ്രശസ്തരായ ശ്രേയസ് ഗോപാൽ (7.60 ലക്ഷം രൂപയ്ക്ക് മംഗളൂരു ഡ്രാഗൺസിൽ), കൃഷ്ണപ്പ ഗൗതം (7.4 ലക്ഷം രൂപയ്ക്ക് മൈസൂരി വാരിയേഴ്സ്) എന്നിവർക്കും താരലേലത്തിൽ മികച്ച തുക ലഭിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ലുവ്‌നിത് സിസോദിയ 7.20 ലക്ഷം രൂപ നേടി ഞെട്ടിച്ചു .
മൈസൂർ വാരിയേഴ്സ് ടീം: സമിത് ദ്രാവിഡ് കരുൺ നായർ, കാർത്തിക് സിഎ, മനോജ് ഭണ്ഡാഗെ, കാർത്തിക് എസ് യു, സുചിത് ജെ, ഗൗതം കെ, വിദ്യാധർ പാട്ടീൽ, വെങ്കിടേഷ് എം, ഹർഷിൽ ധർമാനി, ഗൗതം മിശ്ര, ധനുഷ് ഗൗഡ, , ദീപക് ദേവാഡിഗ, സുമിത് കുമാർ, സ്മയൻ ശ്രീവാസ്തവ, ജാസ്പർ. ഇജെ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സർഫറാസ് അഷ്റഫ്
English Summary : Samit Dravid gets contract with Mysore Warriors in KSCA T20

