ഡല്ലാസ്: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) എന്നിവരാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ (9), ഉസ്മാന്‍ ഖാന്‍ (3), ഫഖര്‍ സമാന്‍ (11), അസം ഖാന്‍ (0), ഇഫ്തികര്‍ അഹമ്മദ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (3) ഷഹീനൊപ്പം പുറത്താവാതെ നിന്നു. യുഎസിന് വേണ്ടി നൊസ്തുഷ് കെഞിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
