വയനാട് : ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിൽ പകച്ചു നിൽക്കുകയാണ് വയനാടും കേരളവും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. മേപ്പാടിക്ക് സമീപം ചൂരൽ മല, മുണ്ടക്കൈ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുട എണ്ണം 200 കടന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മരണപ്പെട്ടവരുടെ എണ്ണം 243 ആയി ഉയർന്നെന്നാണ് വിവരം .
ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. അതെ സമയം ,ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, നിലവിളികളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്.
എന്നാൽ ,കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് പരിക്കേറ്റവരെ ഹെലികോപ്ടറുകൾ ഉപയോഗിച്ച് വിമാനത്തിൽ എത്തിക്കും. ഉരുൾപൊട്ടലിൽ 1,592 പേരെ രണ്ട് ദിവസത്തിനിടെ രക്ഷപ്പെടുത്തി നിരവധി ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . വയനാട് ജില്ലയിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 8,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 1,167 രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തി. 99 പേർ ചികിത്സയിലും മറ്റുള്ളവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും 166 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.
അതെ സമയം വയനാട് ചുരം വഴി ഭാരവാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിവാരത്ത് പൊലീസ് തടയുന്നുണ്ട്. എന്നാൽ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസ് സർവിസിന് തടസ്സമില്ല. ചൂണ്ടൽ-മേപ്പാടി റൂട്ടിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇവിടെ, ആംബുലൻസുകൾക്ക് മാത്രം കടന്നുപോകാൻ വഴിയൊരുക്കിയിരിക്കുകയാണ്. മേപ്പാടി നിന്ന് അപകടമേഖലയിലേക്കും രക്ഷാപ്രവർത്തകരെയും ആംബുലൻസുകളെയും മാത്രമാണ് കടത്തിവിടുന്നത്.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്ന് കേരള സർക്കാരിന് 145 കോടി രൂപ നൽകിയതായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ പറഞ്ഞു. പൗരന്മാരിൽ നിന്നുള്ള ദുരിതാശ്വാസ കോളുകൾ (9656938689, 8086010833) അറിയിക്കാൻ കേരള സർക്കാർ രണ്ട് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
English Summary :Wayanad landslide; death toll crosses 200; rescue operation is getting difficult
