മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ മേഖലകളിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ 166 ആയി ഉയർന്നു. ഇതിൽ 75 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത് . 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി.
അതെ സമയം പരുക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. അതേസമയം, ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെ പുനരാരംഭിച്ചു. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിശമന സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും സംയുക്തമായി തിരച്ചിലിൽ ഏർപ്പെടുന്നുണ്ട് .
150 രക്ഷാപ്രവർത്തകരാണ് മുണ്ടക്കൈയിൽ തിരച്ചിൽ തുടരുന്നത് . തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . മണ്ണിനാൽ മൂടപ്പെട്ട വീടിന്‍റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് ആളുകൾക്കായി തിരച്ചിൽ നടത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻറ് കമാൻഡൻറ് ആഷിർവാദിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി . 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.വെള്ളിലമാട്, ശാന്തിഗ്രാമം, നിലമ്പൂർ, മുണ്ടേരി, പനങ്കയം പാലം, കമ്പിപ്പാലം, ഇരുട്ടുകുത്തി എന്നിവിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചത്.
English Summary : Wayanad Landslide death toll reaches 166.
