തിരുവനന്തപുരം: 2023-24 കാലയളവിൽ ടെക്‌നോപാർക്കിലെ ഐടി/ഐടിഇ കമ്പനികളുടെ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 14 ശതമാനമായി ഉയർന്നു .13,255 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞ വർഷം ഇത് 11,630 കോടി രൂപയായിരുന്നു. രാജ്യത്തെ പ്രമുഖ ഐടി ഹബ്ബിൽ 490 കമ്പനികളുണ്ടെന്നും 75,000 പേർക്ക് നേരിട്ടും 2 ലക്ഷത്തിലധികം പരോക്ഷമായും തൊഴിലവസരങ്ങൾ നൽകുന്നുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
“ടെക്‌നോപാർക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള തൊഴിലാളികളും ഈ ഉയർന്ന വളർച്ചാ പാതയിലെത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. രാജ്യത്തിനാകെ മാതൃകയായ സംസ്ഥാനത്തെ കരുത്തുറ്റ ആവാസവ്യവസ്ഥയിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ ഫലങ്ങൾ സഹായിക്കും,” ടെക്‌നോപാർക്ക് സിഇഒ സഞ്ജീവ് നായർ പറഞ്ഞു.
അതെ സമയം, ഈ വർഷം ടെക്‌നോപാർക്ക് സന്ദർശിച്ച യുഎസ്, യൂറോപ്പ്, ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര – വ്യാപാര പ്രതിനിധികൾ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെയും പരിസ്ഥിതി വ്യവസ്ഥയെയും പ്രശംസിച്ചതായും അദ്ദേഹം അനുസ്മരിച്ചു.
തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐടി ഇടനാഴി നിലവില്‍ വന്നത്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാര്‍ക്ക് മാറുമെന്നും അധികൃതർ അറിയിച്ചു.
English Summary: Software Export; Technopark growth raised to 13,255 crores
