വയനാട്: കേരളത്തെ ഞെട്ടിച്ച് വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് സംഭവിച്ച ഉരുള്‍പൊട്ടൽ. ആറ് മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 120 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. അവയിൽ ചിലത് തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്. നിലവിലെ വിവരമനുസരിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യത്തെ ഉരുള്‍ പൊട്ടൽ . പുലർച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. ചൂരൽമല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്കൂള്‍ തകര്‍ന്നു. മുണ്ടക്കൈയിൽ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. അതെ സമയം ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി കനത്ത മൂടൽമഞ്ഞുണ്ട്. ദുരന്ത മുഖത്ത് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് കനത്ത മഴ പെയ്യുകയാണ്.
അതെ സമയം ദില്ലിയിൽ നിന്ന് സ്നിഫർ ഡോഗുകളും രക്ഷാ പ്രവർത്തനത്തിന് സഹായമാകും .മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്നിഫർ ഡോഗുകളെ എത്തിക്കുന്നത്. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.
മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയിൽ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം നാളെ നിർമ്മാണം തുടങ്ങും. ബെംഗളൂരുവിൽ നിന്ന് നാളെ പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. ബെംഗളൂരുവിൽ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമാണത്തിന് എത്തുന്നത്. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്ന് നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട് . രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി സൈന്യം ഹെലികോപ്ടര്‍ ചൂരൽ മലയിലെത്തിച്ചു. അതെ സമയം രാത്രിയിൽ രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
English Summary : Wayanad Landslide; The death toll raised 120 by 6 pm; 98 people are missing.
